വാഷിംഗ്ടൺ ഡിസി: ഐക്യരാഷ്ട്രസഭയിൽ തനിക്കെതിരേ ഗൂഢാലോചന ഉണ്ടായെന്നും നടന്നത് അട്ടിമറിശ്രമമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. യുഎൻ പൊതുസഭയിൽ പ്രസംഗിക്കാനെത്തിയ തനിക്കു മൂന്നു ദുരൂഹസാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നുവെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പ്രതികരിച്ചു.
സന്ദർശനത്തിനിടെയുണ്ടായ സാങ്കേതിക തകരാറുകൾ മനപ്പൂർവമുള്ള അട്ടിമറിയാണ്. അപകടങ്ങൾ സംഭവിച്ചതിൽ താൻ ഏറെ അസ്വസ്ഥനാണെന്നും സംഭവങ്ങളിൽ സീക്രട്ട് സർവീസ് അന്വേഷണം നടത്തുമെന്നും ട്രംപ് പറഞ്ഞു.
പ്രധാന പ്രസംഗവേദിക്കുള്ള എസ്കലേറ്റർ പെട്ടെന്നു നിന്നതാണ് ഒന്നാമത്തെ സംഭവം. താനും മെലാനിയയും വീഴാതിരുന്നത് അത്ഭുതം. കൈവരികളിൽ മുറുകെ പിടിച്ചതുകൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായതെന്നും ട്രംപ് പറഞ്ഞു. എസ്കലേറ്റർ നേരത്തെ ഓഫാക്കുന്നതിനെക്കുറിച്ച് യുഎൻ ജീവനക്കാർ തമാശ പറഞ്ഞിരുന്നതായി റിപ്പോർട്ട് ചെയ്ത ലണ്ടൻ ടൈംസിന്റെ വാർത്തയും ഉദ്ധരിക്കുകയുണ്ടായി.
യുഎന്നിലെ ലോക നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്യുമ്പോൾ തന്റെ ടെലിപ്രോംപ്റ്റർ പൂർണമായും പ്രവർത്തരഹിതമായതാണ് രണ്ടാമത്തെ സംഭവം. 15 മിനിറ്റിന് ശേഷമാണ് ടെലിപ്രോംപ്റ്റർ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങിയത്. തുടർന്ന്, ഓഡിറ്റോറിയത്തിലെ സൗണ്ട് സിസ്റ്റം തകരാറിലായി.
തന്റെ പ്രസംഗം ഇയർപീസുകളില്ലാതെ ലോക നേതാക്കൾക്ക് കേൾക്കാൻ കഴിഞ്ഞില്ലെന്നും ട്രംപ് ആരോപിച്ചു. പ്രസംഗം കഴിഞ്ഞ ഉടനെ ആദ്യം കണ്ടത് തന്റെ ഭാര്യയെയാണ്. അവർക്കൊന്നും കേൾക്കാൻ കഴിഞ്ഞില്ലെന്നാണ് പറഞ്ഞത്. ഇതൊന്നും യാദൃച്ഛികമല്ലെന്നും യുഎന്നിലെ ട്രിപ്പിൾ അട്ടിമറിയാണെന്നും ട്രംപ് ആരോപിച്ചു.